ഇന്ന് ലോക വൃക്കദിനം: മാച്ചിങ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനി ഹോപ് രജിസ്ട്രി

കോഴിക്കോട്: വൃക്ക മാറ്റിവെക്കലിന് മാച്ചിങ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനി ഹോപ് രജിസ്ട്രി സംവിധാനം. ദാതാവിന്റെ വൃക്ക യോജിക്കാതെ വരുമ്പോള്‍ പകരക്കാരെ കണ്ടെത്തുന്ന സ്വാപ് ട്രാന്‍സ്പ്ലാന്റ് വഴി പരിഹാരം കാണുകയാണ് ഹോപ് രജിസ്ട്രിയുടെ ഉദ്ദേശ്യം. ഇതിന് നിയമപരമായി സാധുതയുണ്ടെന്നാണ് ഹോപ് രജിസ്ട്രി ചുമതലക്കാര്‍ പറയുന്നത്.

വൃക്ക സ്വീകരിക്കേണ്ട വ്യക്തിയുടെയും, നല്‍കുന്ന വ്യക്തിയുടെയും വിശദവിവരങ്ങള്‍ ഹോപ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യും. ഇവരില്‍ നിന്ന് ദാതാവിന്റെ വൃക്കയ്ക്ക് അനുയോജ്യനായ വ്യക്തിയെ കണ്ടെത്തി നല്‍കുകയാണ് കൊണ്ടുദ്ദേശിക്കുന്നത്. ആദ്യത്തെ രോഗിക്ക് അനുയോജ്യമായ വൃക്കയുള്ള വ്യക്തിയെ കണ്ടെത്തുന്നതു വരെ രജിസ്ട്രിയില്‍നിന്ന് ആളെ തിരയുന്നത് തുടരും.

അതേസമയം, ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരമൊരു രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ഹോപ് രജിസ്ട്രി രക്ഷാധികാരി ഫാദര്‍ ഡേവിഡ് ചിറമ്മല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്നതിന് സാമ്പത്തിക ചെലവുകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രജിസ്ട്രേഷന് 9207032000 എന്ന നമ്പറില്‍ ബന്ധപ്പെടാം.