തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രിൽ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ട ഫിസിക്‌സ്, എക്കണോമിക്‌സ് പരീക്ഷകൾ 26 ന് നടത്താനാണ് തീരുമാനം. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് പ്ലസ് 2 പരീക്ഷ മാറ്റിയത്. അതേസമയം, മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമില്ല.
ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഏപ്രിൽ 2 നാണ് പരീക്ഷ അവസാനിക്കുക. ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ 1 ന് തന്നെ സ്‌കൂളുകൾ തുറക്കും. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും. അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

