തിരുവനന്തപുരം: അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകർ അവരുടെ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന രീതി ആശാസ്യമല്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള അധ്യാപക സാനറ്റോറിയ സൊസൈറ്റി സംഘടിപ്പിച്ച അധ്യാപകരുടെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്‌സി അഡൈ്വസ് മെമ്മോ നൽകിയിട്ടും പലയിടത്തും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർ നിയമനം നൽകുന്നില്ലെന്ന് ചില കോണുകളിൽ നിന്ന് പരാതി ഉയർന്നിട്ടുണ്ട്. എയിഡഡ് സ്‌കൂൾ അധ്യാപകരുടെ നിയമന അംഗീകാര ഫയലുകളും തീർപ്പാക്കാൻ താമസിക്കുന്നു എന്ന് പരാതിയുണ്ട്. ഇത്തരത്തിൽ പരാതി ഉയരാത്ത സാഹചര്യം ഉദ്യോഗസ്ഥർ ഉണ്ടാക്കണം. ഒരു സാഹചര്യത്തിലും ഫയൽ കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള പരാതികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സത്വര നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അദാലത്തിലൂടെ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ 48.5 ശതമാനത്തിന്മേൽ കർശനമായ ഇടപെടലിലൂടെ തീർപ്പുണ്ടാക്കി. ഈ മാതൃക മറ്റ് വിദ്യാഭ്യാസ ഓഫീസുകളിലും പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

