നാറ്റോ അംഗത്വം വേണ്ട; നിലപാട് വ്യക്തമാക്കി സെലെന്‍സ്‌കി

കീവ്: യുക്രൈന് നാറ്റോ അംഗത്വം വേണ്ടെന്ന നിലപാട് വ്യക്തമാക്കി പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. റഷ്യയുമായുള്ള ഒത്തുതീര്‍പ്പു ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈനെതിരെ റഷ്യ സൈനികാക്രമണവുമായി രംഗത്തെത്താനുള്ള പ്രധാനകാരണങ്ങളിലൊന്ന് നാറ്റോ അനുകൂല നിലപാടായിരുന്നു.

അതേസമയം, യുക്രൈനില്‍ നിന്ന് സ്വാതന്ത്യം പ്രഖ്യാപിച്ച രണ്ട് റഷ്യന്‍ ഭൂരിപക്ഷ മേഖലകള്‍ സംബന്ധിച്ചും കൂടുതല്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി. നാറ്റോ യുക്രൈനെ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും ഇക്കാര്യം താന്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നാറ്റോ അംഗത്വം സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് റഷ്യയ്ക്ക് തീരെ താല്‍പ്പര്യമില്ലാത്ത നീക്കമാണ്. ആരുടെയെങ്കിലും മുന്‍പില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ആയിരിക്കാന്‍ താല്‍പ്പര്യമില്ല’- സെലെന്‍സ്‌കി വ്യക്തമാക്കി.

എന്നാല്‍, ഇതു സംബന്ധിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ് സഖ്യകക്ഷികള്‍ നേതൃത്വം നല്‍കുന്ന സൈനിക സഖ്യമായ നാറ്റോയെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായാണ് റഷ്യ പരിഗണിക്കുന്നത്. മുന്‍ സോവിയറ്റ് രാജ്യങ്ങളില്‍ പലതും നാറ്റോ അംഗത്വം സ്വീകരിച്ചതോടെ റഷ്യയുടെ പല ഭാഗങ്ങളിലും യുഎസ് അനുകൂല സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യമായ യുക്രൈന്റെ നാറ്റോ പ്രവേശനത്തെ റഷ്യ എതിര്‍ക്കുന്നത്. യുക്രൈനെ റഷ്യ കടന്നാക്രമിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തുന്നതും നാറ്റോ പ്രവേശന സാധ്യതയാണ്.