ചെന്നൈ: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ കോയമ്പത്തൂര്‍ സ്വദേശിയായ 21-കാരന് സൈനികേഷ് രവിചന്ദ്രന്‍ യുക്രൈന് അര്‍ദ്ധസൈനിക വിഭാഗത്തില്‍ ചേര്‍ന്നു . ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ എന്ന ഒരു അര്‍ദ്ധസൈനിക വിഭാഗത്തിലാണ് സൈനികേഷ് ചേര്‍ന്നതെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.
2018-ലാണ് സൈനികേഷ് ഹാര്‍കീവിലെ ദേശീയ എയ്റോസ്പേസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ യുക്രൈനിലേക്ക് പോയത്. 2022-ല്‍ കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്തു. യുക്രൈന്-റഷ്യ സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ സൈനികേഷുമായി ആശയവിനിമയം നടത്താന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സൈനികേഷിനെ ബന്ധപ്പെടുകയായിരുന്നു. റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ യുക്രൈന് അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു.
കുട്ടിക്കാലം മുതലേ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന സൈനികേഷ് ഇതിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും ഉയരം കുറവായതായിരുന്നതിനാല് തള്ളുകയായിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ സൈനികേഷിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

