യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കും; കർണാടക മുഖ്യമന്ത്രി

ന്യൂഡൽഹി: യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മ. യുക്രൈനിലെ ഷെല്ലിംഗ് അവസാനിച്ചാൽ ഉടൻ തന്നെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. മൃതദേഹം എംബാം ചെയ്ത് യുക്രൈനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയതെന്നും അദ്ദേഹം അറിയിച്ചു.

മാർച്ച് ഒന്നിനാണ് ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി നവീൻ എസ് ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത്. ഖാർകീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു കർണാടക ഹാവേരി ചാലഗേരി സ്വദേശിയായ നവീൻ. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം നടന്നത്. നിരവധി പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സാഹചര്യം അനുകൂലമായാൽ മാത്രമേ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ കഴിയൂവെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ നവീന്റെ കുടുംബം രംഗത്തെത്തിയിരുന്നു.