തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഇ ഹെൽത്ത് പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ. 707 സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം ഉടൻ പൂർണമായി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അവശേഷിക്കുന്ന 577 ആശുപത്രികളിലും ഇ ഹെൽത്ത് സോഫ്റ്റ് വെയർ വികസിപ്പിച്ച് സമ്പൂർണ ഇ ഹെൽത്ത് പദ്ധതി യാഥാർത്ഥ്യമാക്കുമെന്നാണ് വിവരം.
സംസ്ഥാന ഐടി മിഷനുമായി ചേർന്ന് കേരള ആരോഗ്യവകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഇ-ഹെൽത്ത്. 2017 ജനുവരി മാസത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഒരു സാധാരണ പൗരന് ഫലപ്രദമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനും ആരോഗ്യ സംരക്ഷണ വിവരങ്ങളുടെ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനുമായി ഫലപ്രദമായ ഐടി പ്രാപ്തമാക്കിയ സംയോജിത ചട്ടക്കൂട് സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ഒഴിവാക്കാൻ ഫലപ്രദമായ ക്യൂ മാനേജ്മെന്റ് സംവിധാനമാണ് ഇ ഹെൽത്ത് പദ്ധതിയിൽ നടപ്പാക്കിയത്. ഇതിലൂടെ ഒ പിയിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും.
ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുമ്പോൾ മുൻകൂർ ടോക്കൺ ലഭ്യമാക്കാനും ഇതിലൂടെ കഴിയും. സംസ്ഥാനത്തിന്റെ പ്രത്യേകതയായ മാതൃശിശു സംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഇ ഹെൽത്ത് പദ്ധതിയിലൂടെ നടപ്പാക്കാൻ കഴിയും. ഇതിനായി ആരോഗ്യ പ്രവർത്തകർ ഓരോ വീടും സന്ദർശിച്ച് അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ഇതിലൂടെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും മറ്റ് അനാരോഗ്യ സ്വഭാവങ്ങളെക്കുറിച്ചും വ്യക്തമായ രൂപരേഖ ലഭിക്കും. ഇതിലൂടെ രോഗങ്ങൾക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും കഴിയും. ഭാവിയിൽ സമൂഹത്തിൽ ഉണ്ടായേക്കാവുന്ന രോഗങ്ങളെ പ്രതിരോധിക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇ ഹെൽത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തെ ഓരോ പൗരനും ഇലക്ട്രോണിക് ഹെൽത്ത് കാർഡ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏതു സർക്കാർ ആശുപത്രിയിലും ഒരു വ്യക്തിയുടെ ചികിത്സാ രേഖ ഇതിലൂടെ ലഭ്യമാകും.

