ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ കീവില്‍ വച്ച് വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിംഗിനെ (31) പോളണ്ടിലെത്തിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ഹര്‍ജോത് ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നാണ് വിവരം. ഇന്ത്യന്‍ നയതന്ത്രജ്ഞരും വിദ്യാര്‍ത്ഥിയുടെ കൂടെയുണ്ട്. പോളണ്ട് ക്രമീകരിച്ചു നല്‍കിയ പ്രത്യേക ആംബുലന്‍സിലാണ് വിദ്യാര്‍ത്ഥിയെ എത്തിച്ചത്.
അതേസമയം, യുക്രൈനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫോണില്‍ സംസാരിക്കുമെന്നും പിന്തുണ തേടുമെന്നും കേന്ദ്രം അറിയിച്ചു. ഫെബ്രുവരി 26നും മോദി സെലന്‍സ്‌കിയുമായി സംസാരിച്ചിരുന്നു. റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് നടന്ന യു എന്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതിനു ശേഷമായിരുന്നു ഫോണ്‍ സംഭാഷണം.

