കൊല്ലം: കെ.ബി.ഗണേഷ് കുമാറിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകി ആയുർവേദ മെഡിക്കൽ സംഘടനകൾ. തലവൂർ ആയുർവേദ ആശുപത്രി സന്ദർശനത്തിനിടെ ജീവനക്കാരോട് അവഹേളനപരമായി പെരുമാറിയതിലും സംഭവം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിലും പ്രതിഷേധിച്ചാണ് ഗണേഷ് കുമാറിനെതിരെ കേരള ഗവ.ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് ഫെഡറേഷനും കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷനും മന്ത്രി വീണാ ജോർജിന് പരാതി നൽകിയത്.
ഭാരതീയ ചികിത്സാ വകുപ്പ് സ്ഥാപനങ്ങളിൽ ആവശ്യത്തിനുള്ള ജീവനക്കാർ ഇല്ല എന്ന വസ്തുത മനസ്സിലാക്കണമെന്ന് ഡോക്ടർമാർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 20 കിടക്കകൾ ഉള്ള ഒരു ആശുപത്രിയിൽ ഒരു സ്വീപ്പർ തസ്തിക മാത്രമാണു നിലവിലുള്ളത്. ഒട്ടേറെ പദ്ധതികൾ നടത്താൻ മുൻകയ്യെടുത്തു പൊതുജനാരോഗ്യ രംഗത്തു കാര്യമായ ഇടപെടൽ നടത്തിയിട്ടുള്ള തലവൂർ ആശുപത്രി സിഎംഒ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള വ്യക്തിയാണെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
ശുചിമുറിയിലെ ടൈൽ ഇളകുക പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായതു ഗുണനിലവാരം ഇല്ലാത്ത നിർമാണം മൂലമാണെന്നു മനസ്സിലാക്കാതെ ഡോക്ടറെ കുറ്റപ്പെടുത്തിയതു ശരിയായില്ലെന്നും സംഘടന ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഗണേഷ് കുമാർ എംഎൽഎ ആശുപത്രിയിൽ സന്ദർശനം നടത്തിയത്. ആശുപത്രിയിൽ ശുചിത്വം ഇല്ലെന്നാരോപിച്ചു അദ്ദേഹം ചൂലെടുത്തു തൂത്തുവാരുകയും ജീവനക്കാരെ ശകാരിക്കുകയും ചെയ്തിരുന്നു. ആശുപത്രിയുടെ മേൽനോട്ട ചുമതലയുള്ള ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളും ജീവനക്കാരുടെ സംഘടനകളും എംഎൽഎയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം, പത്തനാപുരം തലവൂർ ആയുർവേദ ആശുപത്രിയിൽ ഡോക്ടർമാരെ അപമാനിച്ചിട്ടില്ലെന്നും ആശുപത്രിയിലെ വീഴ്ചയാണു തുറന്നുകാട്ടിയതെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും സംഭവത്തിൽ റിപ്പോർട്ട് തേടിയെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

