കീവ്: വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന യുക്രൈനിന്റെ ആവശ്യം തള്ളിയ നാറ്റോയുടെ തീരുമാനത്തിനെതിരെ യുക്രൈന് പ്രസിഡന്റ് വ്ളോഡിമര്‍ സെലെന്‍സ്കി. ‘ഇന്ന് നാറ്റോയുടെ ഒരു ഉച്ചകോടി ചേര്‍ന്നിരുന്നു. തീര്‍ത്തും ദുര്‍ബലവും ആശയക്കുഴപ്പവും നിറഞ്ഞ യോഗമായിരുന്നു അത്. യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് പ്രഥമപരിഗണന നല്‍കണമെന്ന ചിന്ത ആര്‍ക്കും ഉണ്ടായില്ല’ – സെലെന്‍സ്കി കുറ്റപ്പെടുത്തി.
ഇന്നലെ ചേര്‍ന്ന നാറ്റോ ഉച്ചകോടിയാണ് യുക്രൈനിന്റെ ആവശ്യം തള്ളിയത്. നാറ്റോ യുദ്ധത്തിന്റെ ഭാഗമല്ലെന്നും വ്യോമനിരോധന മേഖല പ്രഖ്യാപിക്കുന്നത് റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിന് ഇടയാക്കുമെന്നും നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബെര്‍ഗ് വ്യക്തമാക്കി. യുദ്ധം യുക്രൈനിനു പുറത്തേക്കു പടരുന്നതു തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നാറ്റോ വ്യോമനിരോധന മേഖല പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ യുക്രൈനിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചെത്തുന്ന റഷ്യന്‍ വിമാനങ്ങള്‍ നാറ്റോ സേനയ്ക്കു വെടിവച്ചിടേണ്ടി വരും. നാറ്റോ വിമാനങ്ങള്‍ക്കു ഭീഷണിയാകുന്ന റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളും തകര്‍ക്കേണ്ട സാഹചര്യവുമുണ്ടാകും. ഇത് റഷ്യയും നാറ്റോ സഖ്യരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് കാരണമാകുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ അത് ആണവയുദ്ധമായി മാറുമെന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്. എന്നാല്‍, റഷ്യക്ക് ഇതുവരെ വ്യോമയുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് യുഎസിന്റെ വിലയിരുത്തല്‍.

