കണ്ണൂർ: എറണാകുളത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ നിന്നും ഇറങ്ങുമ്പോൾ മറ്റൊരു നേതാവിനും ചുറ്റുമില്ലാത്ത ആൾക്കൂട്ടമായിരുന്നു പി ജയരാജന്. ഒരു സംസ്ഥാന കമ്മിറ്റിയംഗം എന്ന പദവി മാത്രം നിലനിർത്തി കൊണ്ടാണ് അദ്ദേഹം സമ്മേളന വേദി വിട്ടിറങ്ങിയത്. പാർട്ടിയുടെ മുഖ്യധാരയിലേക്ക് ഇനിയില്ലെന്ന് മനസിലാക്കിക്കൊണ്ടാണ് അദ്ദേഹം വേദി വിട്ടു പോയത്. പാർട്ടിയിൽ ഏറ്റവും സീനിയർ നേതാക്കളിലൊരാളായ പി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം നേടുമെന്നായിരുന്നു അണികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പാർട്ടി അദ്ദേഹത്തെ തഴയുകയായിരുന്നു.
കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം വി ജയരാജനെ സിപിഎം ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ കാലയളവിൽ വ്യക്തിപൂജ നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് പി ജയരാജനെ പാർട്ടിയിൽ നിന്നും തരംതാഴ്ത്തൽ തുടങ്ങിയത്. 2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകര ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജയരാജൻ പരാജയപ്പെടുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നൽകിയില്ല. പിന്നീട് പി ജയരാജൻ പാർട്ടിയിൽ ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഖാദി ബോർഡ് വൈസ് ചെയർമാൻ പദവിയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
പാർട്ടിക്കുള്ളിൽ പി ജയരാജന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ അണികൾ പോലും വിശ്വസിക്കുന്നില്ല.

