കൊച്ചി: ഇനി പശുക്കളെ കറക്കുന്നതിന് കറവ യന്ത്രങ്ങൾ വീടുകളിൽ എത്തും. മിൽമയാണ് ഇത്തരത്തിലുള്ള സഞ്ചരിക്കുന്ന കറവ യന്ത്രം സജ്ജമാക്കിയിരിക്കുന്നത്. മിൽമയുടെ എറണാകുളം മേഖലയിലെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ടയിടങ്ങളിലാണ് ബൈക്കിൽ ഘടിപ്പിച്ച, വൈദ്യുതിയിലും പെട്രോളിലും ഒരുപോലെ പ്രവർത്തിക്കുവാൻ കഴിയുന്ന കറവയന്ത്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. എട്ടു മിനിറ്റിനുള്ളിൽ രണ്ടു പശുക്കളെ ഒരേസമയം കറവ നടത്താൻ കഴിയുമെന്നതാണ് ഈ കറവ യന്ത്രങ്ങലുടെ പ്രത്യേകത. മിൽമ എറണാകുളം മേഖലയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ദേശീയ ക്ഷീരവികസന ബോർഡ് ഈ പദ്ധതിയുടെ നടത്തിപ്പിനായി എറണാകുളം മേഖലയെ തെരെഞ്ഞെടുത്തത്. പദ്ധതിയുടെ ഔപചാരിക ഉൽഘാടനം മിൽമ എറണാകുളം മേഖലാ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ജോൺ തെരുവത്ത് നിർവഹിച്ചു.
പുതിയ പദ്ധതിയിലൂടെ ക്ഷീര കർഷകർക്ക് കറവ നടത്തുന്നതിൽ നേരിട്ടിരുന്ന ബുദ്ധിമുട്ടും അമിത ചിലവും ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. അധികം വൈകാതെ മറ്റിടങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് മിൽമ ലക്ഷ്യമിടുന്നത്. കറവക്കാരുടെ ലഭ്യതക്കുറവും, അമിത കൂലിയും, കറവയന്ത്രങ്ങളുടെ ഉയർന്നവിലയും, പ്രവത്തനച്ചിലവും കർഷർക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് ദേശീയ ക്ഷീരവികസന ബോർഡ് ഉപസ്ഥാപനമായ ഐ.ഡി.എം.സി യുടെ സഹായത്തോടെ സഞ്ചരിക്കുന്ന കറവ യന്ത്രം വികസിപ്പിച്ചത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇവ പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചു വരികയാണ്.
കോവിഡാനന്തര പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിനും ക്ഷീര കാർഷീകരംഗത്ത് കർഷകരെ പിടിച്ചുനിറുത്തുന്നതിനും സഹായിക്കുന്ന വിവിധങ്ങളായ കർഷക-ക്ഷേമ പരിപാടികളാണ് മിൽമ എറണാകുളം മേഖല നടപ്പാക്കിവരുന്നതെന്ന് പദ്ധതി ഉദ്ഘാടന വേളയിൽ ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു.

