യുക്രൈൻ സംഘർഷം; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യ ബസുകൾ തയ്യാറാക്കിയതായി റിപ്പോർട്ട്

ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യ ബസുകൾ തയ്യാറാക്കിയതായി റിപ്പോർട്ട്. 130 ബസുകളാണ് റഷ്യ തയ്യാറാക്കിയത്. റഷ്യൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കാർഖിവ്, സുമി എന്നിവിടങ്ങളിൽ കുടുങ്ങിയവരെ ബൽഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഖാർകീവ്, പിസോച്ചിൻ സുമി തുടങ്ങിയ ഇടങ്ങളിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ തിരികെയെത്തിനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇതോടെയാണ് ഇവരെ തിരികെ എത്തിക്കാനായി ഇന്ത്യ റഷ്യുടെ സഹായം തേടിയത്.

രക്ഷാ ദൗത്യത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു ചേർത്തിരുന്നു. രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാർ നൽകിയ റിപ്പോർട്ട് പരിശോധിച്ച പ്രധാനമന്ത്രി റഷ്യ വഴിയുള്ള ഒഴിപ്പിക്കൽ സാധ്യത വീണ്ടും അവലോകനം ചെയ്തു. രക്ഷാദൗത്യത്തിന് സജ്ജമാകാൻ അദ്ദേഹം വ്യോമസേനയോട് നിർദ്ദേശിച്ചു. അതേസമയം, റഷ്യൻ നിർമ്മിത ഐഎൽ 76 വിമാനം ഇതിനായി സജ്ജമാക്കിയതായും റഷ്യയുടെ അനുമതി കിട്ടിയാലുടൻ വിമാനങ്ങൾ പുറപ്പെടുംമെന്നും വ്യോമസേനാ വൃത്തങ്ങൾ പ്രതികരിച്ചു.

യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുഴുവൻ ഇന്ത്യക്കാരെയും ഉടൻ തിരിച്ചെത്തിക്കുമെന്ന് കഴിഞ്ഞ ദിവസം വദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ 16 വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നവരെ അതിർത്തികളിലെത്തിക്കാൻ കൂടുതൽ ബസുകൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും സ്പെഷ്യൽ ട്രെയിനുകൾക്കായി യുക്രൈനോട് അഭ്യർത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.