ചർമ്മ സംരക്ഷണത്തിന് ഏറ്റവും ഉത്തമമായ മാർഗങ്ങളിലൊന്നാണ് ഫലവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നത്. വണ്ണം കുറയ്ക്കാനും, കണ്ണുകൾ- മുടി- ചർമ്മം തുടങ്ങി പല അവയവങ്ങളുടെയും പ്രവർത്തനത്തെ നല്ലരീതിയിൽ സ്വാധീനിക്കാനും മെച്ചപ്പെടുത്താനുമെല്ലാം പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. വീടുകളിൽ തന്നെ ലഭ്യമായിട്ടുള്ള ചില പഴങ്ങൾ നമ്മൾ മുഖഭംഗിയും തിളക്കവും കൂട്ടാൻ ഉപയോഗിക്കാറുണ്ട്. ധാരാളം സ്‌കിൻ കെയർ ഉത്പന്നങ്ങളിലും പഴച്ചാറുകൾ ചേർക്കാറുണ്ട്. മുഖത്തോ ചർമ്മത്തിലോ പ്രയോഗിക്കുന്നതിലൂടെ മാത്രമല്ല, ഇവയെല്ലാം കഴിക്കുന്നതും വളരെ നല്ലതാണ്. ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന ഫലവർഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഓറഞ്ച്
ചർമ്മത്തിന്റെ ആരോഗ്യത്തിന് അവശ്യമായ ഘടകമാണ് വൈറ്റമിൻ-സി. ഇതിന്റെ കലവറയാണ് ഓറഞ്ച്. ചർമ്മത്തിൽ സംഭവിച്ചിട്ടുള്ള കേടുപാടുകൾ തീർക്കാനും ചർമ്മത്തെ ഭംഗിയായി പുതുക്കാനും ഓറഞ്ച് സഹായകമാണ്.
അവക്കാഡോ
ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിനും വളരെയധികം ഉപകാരപ്പെടുന്ന പഴമാണ് അവക്കാഡോ. വൈറ്റമിൻ-സി, ഇ എന്നിവയെല്ലാമാണ് അവക്കാഡോയിലുണ്ട്.
തണ്ണിമത്തൻ
വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും ഉത്തമമായ ഫലവർഗമാണ് തണ്ണിമത്തൻ. പേരിലെ സൂചന പോലെ തന്നെ തണ്ണിമത്തനിൽ 95 ശതമാനവും വെള്ളമാണ്. ഇത് ചർമ്മത്തിൽ ജലാംശം നിലനിൽക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് ഗുണകരമാകുന്ന വൈറ്റമിൻ-സി, ഇ, ലൈസോപീൻ എന്നിവയും തണ്ണിമത്തനിലുണ്ട്.
മാതളം
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ പഴമാണ് മാതളം. ചുവന്ന രക്താണുക്കൾ വർധിപ്പിച്ച് ഹീമോഗ്ലോബിൻ വർധിപ്പിക്കാൻ മാതളം സഹായിക്കും. ദഹനം സുഗമമാക്കാനും ഹൃദ്രോഗത്തെ ചെറുക്കാനും മാതളം കഴിക്കുന്നത് നല്ലതാണ്. മാതളത്തിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ-സി ചർമ്മം സംരക്ഷിക്കുകയും ചെയ്യും.

