കീവ്: യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സപറോഷ്യ ആണവനിലയത്തിന് നേരെ റഷ്യന്‍ ആക്രമണം. റഷ്യന്‍ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നതിനാല്‍ അഗ്നിശമന സേനയ്ക്ക് തീ അണയ്ക്കാന്‍ സാധിക്കാത്തതില്‍ ആശങ്ക തുടരുന്നു. യുക്രൈനിലേക്കുള്ള 25 ശതമാനം വൈദ്യുതിയും ഉല്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. മറ്റൊരു ആണവ ദുരന്തത്തിനുള്ള സാധ്യതയാണ് ലോകം മുന്നില്‍ കാണുന്നത്.
അതേസമയം, റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നും വെടിയുതിര്‍ക്കുകയാണെന്ന് യുക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ‘ആണവനിലയം പൊട്ടിത്തെറിച്ചാല്‍, ചെര്‍ണോബിലിനേക്കാള്‍ പത്ത് മടങ്ങ് വലുതായിരിക്കും’- അദ്ദേഹം ട്വീറ്റ് ചെയ്തു. ‘റഷ്യ അടിയന്തരമായി വെടിവെപ്പ് നിര്‍ത്തി വെക്കണം. അഗ്നിശമനസേനയെ തീ അണയ്ക്കാന്‍ അനുവദിക്കണമെന്നും’ വിദേശകാര്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
യുക്രൈന് ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുമായി സംസാരിച്ചു. അന്താരാഷ്ട്ര ആണവ ഏജന്‍സിയും യുഎസ് സുരക്ഷാവൃത്തങ്ങളും ആണവ പ്ലാന്റ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതുവരെ 9,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രൈനിന്റെ അവകാശവാദം. തങ്ങളുടെ 498 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് റഷ്യ വെളിപ്പെടുത്തിയിരുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും കൊടിയ അഭയാര്‍ത്ഥി ദുരന്തത്തിലേക്കാണ് യുദ്ധം നീങ്ങുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഭയാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. ഈ നില തുടര്‍ന്നാല്‍ യുക്രെയിനിലെ 40 ലക്ഷം ജനങ്ങളെങ്കിലും പലായനം ചെയ്യുമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന് മുന്നറിയിപ്പു നല്കി.

