വി.എസ് പ്രചോദനമാണ്, മിസ് ചെയ്യുന്നുണ്ട്; നവകേരള രേഖക്ക് പിന്തുണയെന്നും യെച്ചൂരി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വി എസ് അച്യുതാനന്ദനെ മിസ് ചെയ്യുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി എസ് പ്രചോദനമാണ്. വി എസിനെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള രേഖയെ യെച്ചൂരി പിന്തുണക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ കേരളത്തിന് മാത്രമായി ചെറുക്കാനാകില്ലെന്നും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അടക്കമുള്ള കാര്യത്തില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള തീരുമാനങ്ങളാണ് പാര്‍ട്ടി എടുക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ സമരം നടത്തുന്ന സിപിഎം കേരളത്തില്‍ മറിച്ചുളള നിലപാട് എടുത്തതിനെക്കുറിച്ച് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, സ്വകാര്യവല്‍ക്കരണം കേന്ദ്ര നയമാണ്. ഒരു സംസ്ഥാനത്തിന് മാത്രമായി അതിനെ ചെറുക്കാനാകില്ല. പക്ഷേ സ്വകാര്യ നിക്ഷേപം വഴി വിദ്യാഭ്യാസ രംഗത്ത് വാണിജ്യ വല്‍ക്കരണം അനുവദിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

‘സിപിഎം കരട് രേഖയില്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനാണ് പ്രധാനം. കോണ്‍ഗ്രസ് ദുര്‍ബലമായി വരുന്ന സാഹചര്യത്തില്‍ ബിജെപിയെ ചെറുക്കാന്‍ ഇടതുനിര ശക്തിപ്പെടണം. കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മാത്രമായിരിക്കും തീരുമാനം. കോണ്‍ഗ്രസ് ക്ഷയിക്കുകയാണ്. ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസിനെ ഒരു ഭീഷണിയായി കാണുന്നില്ല. കേരളത്തില്‍ ഇടതു സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ബിജെപി ഒത്തുകളിയാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകും. കെ റെയില്‍, സ്വകാര്യ മേഖലയിലെ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നാറ്റോ നിലപാട് റഷ്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇപ്പോള്‍ നടത്തുന്ന യുദ്ധം റഷ്യ ഉടന്‍ അവസാനിപ്പിക്കണം. ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണം’- യെച്ചൂരി പറഞ്ഞു.