ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ യുക്രൈന്‍ സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യ. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യക്കാരെ യുക്രൈന്‍ സേന മനുഷ്യകവചമാക്കിയെന്ന റഷ്യയുടെ ആരോപണം ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി തള്ളുകയായിരുന്നു. യുക്രൈന്‍ വിട്ട് റഷ്യയിലെ ബെല്‍ഗോറോഡിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഖാര്‍ക്കീവില്‍ യുക്രൈന്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം മനുഷ്യകവചമായി നിര്‍ത്തിയിരിക്കുകയാണെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് റഷ്യന്‍ സൈനിക വക്താവ് അറിയിച്ചെങ്കിലും, ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈന്‍ വിടാന്‍ അധികാരികള്‍ നല്‍കിയ സഹായത്തെ അഭിനന്ദിക്കുന്നു. ഇന്ത്യക്കാരെ സ്വീകരിച്ച യുക്രൈന്റെ അയല്‍രാജ്യങ്ങളോടും നന്ദി അറിയിക്കുകയാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഖാര്‍കീവില്‍ നിന്ന് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് പോകാനായി പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കണമെന്ന് യുക്രൈന്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. യുക്രൈനില്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് റഷ്യ വ്യക്തമാക്കിയത്. എന്നാല്‍, ഖാര്‍ക്കീവ് വിടാനാകാതെ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിയിരിക്കുകയാണ് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ട്രെയിനുകളില്‍ ഇന്ത്യക്കാരെ കയറ്റാന്‍ തയാറാകുന്നില്ലെന്ന് പല വിദ്യാര്‍ത്ഥികളും പറഞ്ഞു. ഇന്നലെ രാവിലെ 7 മുതല്‍ സ്റ്റേഷനില്‍ കാത്തുനില്‍ക്കുകയാണെന്നും, കൊടുംതണുപ്പും നഗരത്തിലെ സ്ഫോടനങ്ങളും കാരണം സമീപപ്രദേശങ്ങളിലേക്ക് നടന്നു പോകാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

