ന്യൂഡൽഹി: 17,000 ഇന്ത്യക്കാർ ഇതുവരെ യുക്രൈൻ വിട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ എംബസി മാർഗ നിർദേശം പുറപ്പെടുവിച്ചതിന് പിന്നാലെ ഏകദേശം 80 ശതമാനം ഇന്ത്യക്കാരും യുക്രൈൻ അതിർത്തി കടന്ന് അയൽരാജ്യങ്ങളിലേക്ക് എത്തിയതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി. ആറ് രക്ഷാദൗത്യ വിമാനങ്ങളാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
15 വിമാനങ്ങളിലായി 3,352 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ 15 വിമാനങ്ങൾ രക്ഷാദൗത്യത്തിനായി പോകുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനവും രക്ഷാദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.
മൂന്ന് വ്യോമസേനാ വിമാനങ്ങളാണ് 24 മണിക്കൂറിനകം അതിവേഗ രക്ഷാ പ്രവർത്തനം പൂർത്തിയാക്കി ഇന്ത്യയിലെത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനങ്ങളാണ് 220 ലേറെ യാത്രക്കാരുമായി ഇന്ത്യയിൽ മടങ്ങിയെത്തിയത്.

