ചില പോലീസ് ഉദ്യോഗസ്ഥർ ഇടതുനയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിൽ പോലീസിന് നേരെ വിമർശനം

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിൽ പോലീസിന് നേരെ രൂക്ഷവിമർശനം. ചില പോലീസ് ഉദ്യോഗസ്ഥർ ഇടതുനയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിലെ നേതാക്കളാണ് പോലീസിനെതിരെ വിമർശനം ഉന്നയിച്ചത്. പാർട്ടി പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ പൊലീസ് കൊലയാളികൾക്കൊപ്പമാണെന്ന ആരോപണമാണ് ഉയരുന്നത്.

സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ പൊലീസ് ഉദ്യോസ്ഥരിൽ സീനിയർ ജൂനിയർ ഭേദമന്യേ വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രി ശ്രദ്ധിച്ചില്ലെങ്കിൽ പോലീസ് ചീത്ത പേരുണ്ടാക്കുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയും സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉണ്ടായിട്ടുണ്ട്.. കേരളത്തിലെ സമ്മേളനത്തിൽ കോൺഗ്രസിനെ കുറിച്ച് അദ്ദേഹം മിണ്ടിയില്ലെന്നായിരുന്നു സീതാറാം യെച്ചൂരിക്കെതിരെ ഉയർന്ന വിമർശനം.

അതേസമയം, നവകേരളത്തിനായുള്ള പാർടി കാഴ്ചപ്പാട് സംബന്ധിച്ച് പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിനെതിരെ നിലവിൽ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പാർടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയപ്രമേയവും നവകേരള നയരേഖയും തമ്മിൽ നയപരമായ ഭിന്നതകളില്ല. നയരേഖ പാർടിയുടെ പൊതുവായ നയങ്ങൾക്ക് എതിരാണെന്ന പ്രചാരണം നടക്കുന്നുണ്ട്. ഇപ്പോൾ നയരേഖയിൽ അവതരിപ്പിച്ച കാഴ്ചപ്പാടുകൾ എന്താണെന്ന് മനസ്സിലാക്കാത്ത ആളുകളാണ് ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത്. യുഡിഎഫും ബിജെപിയും മറ്റ് തല്പരകക്ഷികളുമാണ് ഈ ദുഷ്പ്രചാരണത്തിന് പിന്നിൽ. ജനകീയജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച് അധികാരത്തിൽ വരുന്ന സർക്കാർ പോലും പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കും എന്നാണ് പാർട്ടിപരിപാടിയിൽ പറഞ്ഞിട്ടുള്ളത്. അതേസമയം, സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താത്പര്യങ്ങൾക്ക് എതിരായി വരുന്ന വിദേശനിക്ഷേപങ്ങളെ സ്വീകരിക്കുകയില്ല. ഇതും പാർടിയുടെ കേന്ദ്രനയവും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധനനിക്ഷേപം ഇപ്പോഴുമുണ്ട്. അത് തുടരും. സ്വകാര്യനിക്ഷേപം വരുമ്പോൾ പാവപ്പെട്ടവർക്ക് സംരക്ഷണം ഉറപ്പാക്കണം. പൊതുവായ വികസനമാണ് ലക്ഷ്യം. പാവപ്പെട്ടവർക്ക് മുൻഗണന നൽകും. തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ് നയരേഖ അവതരിപ്പിക്കുന്നത്. നയരേഖ നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാണെങ്കിൽ അത് കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വികസനരേഖയ്ക്ക് എതിരെ കേരള വികസനത്തെ പുതിയ ഘട്ടത്തിലേയ്ക്ക് നയിക്കേണ്ട സാഹചര്യം തുടർഭരണം സൃഷ്ടിച്ചിരിക്കുകയാണ്. പ്രാദേശിക സർക്കാരുകളും സഹകരണ മേഖലയും സഹകരിച്ച് പ്രവർത്തിക്കണം. ജനം ഏൽപ്പിച്ച ഉത്തരവാദിത്വം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ട നടപടികളാണ് പാർടി സ്വീകരിക്കുന്നത്. അടിസ്ഥാന മേഖലയിൽ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ദൗർബല്യം നികത്തുന്നതിന് കഴിഞ്ഞ സർക്കാർ തന്നെ അടിസ്ഥാനമിട്ടിരുന്നു. ഈ അനുഭവത്തെ കൂടി സ്വാംശീകരിച്ചാണ് കേരള വികസനത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് പാർട്ടി മുന്നോട്ട് വയ്ക്കുന്നത്. സംസ്ഥാന കമ്മറ്റി ചർച്ച ചെയ്ത് അംഗീകരിച്ച രേഖ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഇത് സംബന്ധിച്ച് വിശദ ചർച്ച സമ്മേളനത്തിൽ നടക്കും. നവകേരള നയരേഖ പാർടിയ്ക്ക് അകത്തും പൊതുസമൂഹത്തിലും രേഖ ചർച്ച ചെയ്യും. അതിന്റെ അടിസ്ഥാനത്തിലുള്ള ഭേദഗതി കൂടി കണക്കിലെടുത്ത് പുതിയ സംസ്ഥാന കമ്മറ്റി രേഖയ്ക്ക് അന്തിമ രൂപം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നവകേരള രേഖയ്ക്ക് 4 ഭാഗങ്ങളാണുള്ളത്. ആദ്യഭാഗം, പാർടി സർക്കാരുകളെ നയിക്കുന്നതിലെ ഇടപെടലാണ് വ്യക്തമാക്കുന്നത്. മലബാർ ടെനൻസി എൻക്വയറി കമ്മറ്റി (കുട്ടികൃഷ്ണ മേനോൻ കമ്മറ്റി)യിൽ സ. ഇഎംഎസ് ഒരു വിയോജന കുറിപ്പ് അവതരിപ്പിച്ചിരുന്നു. ആ കുറിപ്പ് പരാമർശിച്ചാണ് രേഖ ആരംഭിക്കുന്നത്. തുടർന്ന് സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച് വിവിധ ഘട്ടത്തിലെ പാർട്ടി ധാരണ എന്താണെന്നും രേഖയിൽ സൂചിപ്പിക്കുന്നു. 2016 -ൽ എൽഡിഎഫ് അധികാരത്തിലെത്തുമ്പോഴുള്ള കേരളത്തിന്റെ സ്ഥിതിവിശേഷം വിശകലനം ചെയ്ത് തുടങ്ങുന്ന രണ്ടാം ഭാഗം ആ അവസ്ഥയിൽ നിന്ന് ഓരോ മേഖലയ്ക്കുമുണ്ടായ മാറ്റങ്ങൾ വിശദീകരിക്കുന്നു. യുഡിഎഫ് കാലഘട്ടത്തിൽ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന നിരാശാ മനോഭാവം പ്രകടമായിരുന്നു. എന്നാൽ എൽഡിഎഫ് അത് മാറ്റി. അടിസ്ഥാന ജനവിഭാഗത്തിന്റെ താൽപര്യം സംരക്ഷിച്ച് പൊതു വികസനം എങ്ങനെ കൊണ്ടുപോയി എന്നതാണ് രണ്ടാം ഭാഗം വിശദീകരിക്കുന്നത്. നവകേരള സൃഷ്ടിക്കായി പാർട്ടി മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങളാണ് പൊതുവായി അവതരിപ്പിച്ചിട്ടുള്ളത്. അടുത്ത 25 കൊല്ലം കൊണ്ട്, കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത മധ്യവരുമാന രാഷ്ട്രത്തിന് സമാനമായി ഉയർത്തണം എന്ന് രേഖ ലക്ഷ്യമിടുന്നു. അടിസ്ഥാന ജനജീവിതത്തെ മുന്നോട്ട് നയിക്കാൻ സവിശേഷമായ ഇടപെടൽ ഉണ്ടാകണമെന്ന് മൂന്നാം ഭാഗത്ത് പറയുന്നു. നാടിന് ചേർന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയും ലോകത്തെമ്പാടുമുള്ള വിജഞാനത്തേയും പുതിയ വൈജ്ഞാനിക സാധ്യതകളേയും ഉപയോഗപ്പെടുത്തി മുന്നോട്ട് പോകണമെന്നും രേഖ പറയുന്നു. എങ്കിൽ മാത്രമെ ഇപ്പോൾ നടത്തിയ ക്ഷേമപ്രവർത്തനമുൾപ്പെടെ നിലനിർത്താനാകു. അതിനായി ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണം. മുഴുവൻ ജനത്തിനും ശാസ്തസാങ്കാതിക വിദ്യയുടെ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ കഴിയണം. അറിവിനെ പ്രയോഗവൽക്കരിക്കുന്ന നടപടി സീകരിക്കണം. ജനതയുടെ സാമൂഹ്യ-ചരിത്ര ബോധവും മാനവിക മൂല്യങ്ങളും കൂടുതൽ വികസിപ്പിക്കണം. ഭരണ സംവിധാനത്തെ ജനസൗഹൃദപരമായി മാറ്റുന്ന അവസ്ഥയുണ്ടാകണം. വികസനത്തിൽ തദ്ദേശ-സഹകരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. നിലവിലെ സാമ്പത്തികാവസ്ഥ കേന്ദ്രത്തിന്റെ തെറ്റായ നയം മൂലം പ്രതിസന്ധിയിലാകുന്നു. ഇത് പ്രധാനപ്പെട്ട തടസമാണ്. അതിനാൽ വികസനം ദുർബലപ്പെടാതിരിക്കാൻ സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യത്തിന് വിരുദ്ധമല്ലാത്ത വായ്പകൾ സ്വീകരിക്കണം. സംസ്ഥാന താത്പര്യം ഹനിക്കാത്ത വായ്പകൾ സ്വീകരിക്കാം എന്ന് നയരേഖയിൽ വ്യക്തമാക്കുന്നുണ്ട്. നാടിന്റെ താൽപര്യങ്ങളെ ഹനിക്കുന്നതാവില്ല പദ്ധതികൾ. ചിലർ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.