നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പാപ്പനിലൂടെയാണ് സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ അഭിനയിക്കുന്നത്. സിഐ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രമാണിത്.
ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന ലേലം, വാഴുന്നോർ, പത്രം തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സണ്ണി വെയ്ൻ, നീത പിള്ള, നൈല ഉഷ ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിലാണ് ചിത്രം പുറത്തിറങ്ങുക. ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയുമാണ് ചിത്രം നിർമ്മിക്കുന്നത്. ആർജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം നിർവ്വഹിക്കുന്നത് സുജിത് ജെ നായരാണ്. ഏപ്രിൽ അവസാന വാരമാണ് ചിത്രം തിയേറ്റുകളിൽ എത്തുകയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

