റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ സജ്ജരായിട്ടുള്ള വിദേശികൾക്ക് യുക്രൈനിലെത്താൻ പ്രവേശന വിസ വേണ്ട

കീവ്: റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ സജ്ജരായിട്ടുള്ള വിദേശികൾക്ക് യുക്രൈനിലെത്താൻ പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി. വിസാ നടപടി താത്കാലികമായ എടുത്തുകളയാനാണ് യുക്രൈന്റെ തീരുമാനം. ചൊവ്വാഴ്ച്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഇനി മുതൽ യുക്രൈന് വേണ്ടി പ്രതിരോധ രംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസയില്ലാതെ രാജ്യത്തേയ്ക്ക് പ്രവേശിക്കാം.

സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരും. യുക്രൈൻ നഗരങ്ങളിലെ റഷ്യൻ ആക്രമണം ശക്തമായതോടെ പൗരന്മാർ രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കാൻ ഇറങ്ങണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി 18 നും 60 നുമിടയിൽ പ്രായമുള്ളവർ രാജ്യത്തിന് പുറത്തിറങ്ങരുതെന്നും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. റഷ്യയ്ക്കെതിരെ പോരാടാൻ തയ്യാറുള്ളവർക്ക് ആയുധം നൽകുമെന്നും യുക്രൈൻ വ്യക്തമാക്കിയിരുന്നു.

അതേസമയം യുക്രൈന് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ രാജ്യങ്ങൾ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയതിനാൽ റഷ്യൻ സാമ്പത്തികരംഗം വലിയ പ്രതിസന്ധികളാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.