കേന്ദ്രത്തിന്റെ എല്ലാ ജനവിരുദ്ധ നയങ്ങൾക്കുള്ള ബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്; സീതാറാം യെച്ചൂരി

കൊച്ചി: കേന്ദ്രത്തിന്റെ എല്ലാ ജനവിരുദ്ധ നയങ്ങൾക്കുള്ള ബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നതെന്നും അതുകൊണ്ടാണ് ഇന്ത്യയുടെ ഒരു മൂലയിൽ മാത്രമുള്ള ഇടതുപക്ഷം അപകടകരമെന്ന് പ്രധാനമന്ത്രി പറഞ്ഞതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുകയാണെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.

അതിന് ബദലായ പ്രത്യയശാസ്ത്രങ്ങളാണ് കേരളം മുന്നോട്ട് വയ്ക്കുന്നതെന്നും അതുകൊണ്ടാണ് കേന്ദ്രം കേരളത്തിനെതിരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ വലിയ ജനകീയ പ്രതിരോധങ്ങളാണ് ഉയരുന്നത്. ബിജെപി ആർഎസ്എസ് സർക്കാരിനെതിരേ മുന്നോട്ടുള്ള വഴി ജനകീയ പ്രതിരോധമാണ്. യുവാക്കളുടെ വലിയ പങ്കാൡമാണ് ഇതിലുള്ളതെന്നും അദ്ദേഹം വിശദമാക്കി. ഒരു കൈയിൽ ദേശീയ പതാകയും മറുകൈയിൽ ഭരണഘടനയുമായാണ് യുവാക്കൾ സമരത്തിനിറങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ പാർടിയുടെ നട്ടെല്ലാണ് കേരള പാർട്ടി. നിങ്ങൾ നല്ല ചർച്ച നടത്തി നല്ല നിലയിൽ പാർട്ടിയെ മുന്നോട്ടു നയിക്കാൻ തീരുമാനമെടുക്കുക. കേരളത്തിന്റെ പ്രതിരോധം, രാജ്യത്തിന്റെയാകെ പ്രതിരോധമാണ്. പാർട്ടി സമ്മേളനത്തിൽ അവതരിപ്പിക്കുന്ന രേഖകൾ ചർച്ച ചെയ്ത് നിങ്ങൾ ശരിയായ തീരുമാനത്തിലേക്ക് എത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രൈൻ പ്രതിസന്ധിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. യുക്രൈൻ പ്രതിസന്ധി നേരിടുന്നതിൽ സാമാജ്യത്വ ശക്തികൾക്ക് വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കണം. യുദ്ധ സാഹചര്യത്തിലേക്കു നയിച്ചതിൽ അമേരിക്കയുടെ പങ്കും പ്രധാനമാണ്. നാറ്റോ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക പാലിച്ചില്ല. റഷ്യ സങ്കുചിത ദേശീയ വാദത്തെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.