യുക്രൈനില്‍ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; മരിച്ചത് കര്‍ണാടക സ്വദേശി

കീവ്: യുക്രൈനില്‍ തുടര്‍ച്ചയായി ആറാം ദിവസവും റഷ്യയുടെ മിസൈല്‍ വര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഖാര്‍ക്കീവില്‍ ഇന്ന് രാവിലെയുണ്ടായ ഷെല്ലാക്രമണത്തിലാണ് കര്‍ണാടക സ്വദേശിയും നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ നവീന്‍ എസ്.ജി (22) കൊല്ലപ്പെട്ടത്‌. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദാം ബക്ഷി തന്റെ ട്വിറ്ററിലൂടെ വിവരം സ്ഥിരീകരിച്ചു.

യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാര്‍ക്കീവില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ദ്ധന്‍ ശൃംഖ്‌ല ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. റഷ്യയിലെ അംബാസിഡറുമായി ചേര്‍ന്ന് ഇതിനുള്ള ശ്രമം തുടരുകയാണെന്ന് അരിന്ദാം ബക്ഷി പറഞ്ഞു.