കങ്കണ റണൗത്ത് നായികാ വേഷത്തിലെത്തുന്ന ബോളിവുഡ് ആക്ഷൻ സ്‌പൈ ത്രില്ലർ ചിത്രം ധാക്കഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 27 നാണ് ചിത്രം റിലീസ് ചെയ്യുക. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിക്കു ശേഷം എത്തുന്ന കങ്കണയുടെ പാൻ ഇന്ത്യൻ റിലീസ് ആണ് ധാക്കഡ്.
ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് ധാക്കഡിൽ കങ്കണ അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ധാക്കഡ്. കുട്ടികളെ കടത്തിക്കൊണ്ട് പോകലും സ്ത്രീകൾ നേരിടേണ്ടിവരുന്ന ചൂഷണവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോർട്ടികൾ. അർജുൻ രാംപാലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ദിവ്യ ദത്തയും ശാശ്വത ചാറ്റർജിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. വലിയ ബജറ്റിലാണ് ചിത്രം പൂർത്തിയാക്കിയിട്ടുള്ളത്.
റസ്‌നീഷ് റാസി ഘായ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ദീപക് മുകുത്, സൊഹേൽ മക്‌ലായ്, എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഹുനാർ മുകുതാണ് സഹനിർമ്മാതാവ്.

