വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, സൈന്യത്തെ പിന്‍വലിക്കണം; റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച

കീവ്: റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സൈന്യത്തെ തങ്ങളുടെ നാട്ടില്‍ നിന്നും ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ പ്രതിരോധമന്ത്രി റെസ്‌നിക്കോവ് അടങ്ങുന്ന സംഘം ബെലാറൂസ് അതിര്‍ത്തിയില്‍ എത്തി. യൂറോപ്യന്‍ യൂണിയനില്‍ ഉടനടി യുക്രൈന് അംഗത്വം നല്‍കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, യുക്രൈനുമായി ധാരണയില്‍ എത്തണമെന്നാണ് താല്‍പര്യമെന്ന് ചര്‍ച്ചക്ക് മുന്നോടിയായി റഷ്യയും നിലപാട് വ്യക്തമാക്കി. പുടിന്‍ ആണവായുധ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ചര്‍ച്ചകളും നടക്കുന്നത്.

പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും ബെലാറൂസ് നേതാവ് അലക്സാണ്ടര്‍ ലുകാഷെങ്കോയും തമ്മില്‍ ഫോണില്‍ സംസാരിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. അതേസമയം, യുദ്ധപശ്ചാത്തലത്തില്‍ യുഎന്‍ പൊതുസഭയുടെ പ്രത്യേക അടിയന്തര യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. റഷ്യയുടെ ആക്രമണത്തിന്റെ ഗതിവേഗം ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് കുറഞ്ഞുവെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. എന്നാല്‍, മേധാവിത്വം സ്ഥാപിച്ചെന്നാണ് റഷ്യയുടെ അവകാശവാദം.

എന്നാല്‍, തുടര്‍ച്ചയായ അഞ്ചാം ദിവസവും യുക്രൈന്‍ തലസ്ഥാനമായ കീവും മറ്റൊരു നഗരമായ ഖാര്‍കീവും റഷ്യയ്ക്ക് കീഴടക്കാന്‍ സാധിച്ചിട്ടില്ല. സ്വന്തം ജീവന്‍ രക്ഷിക്കാനും ഉടന്‍ യുക്രൈന്‍ വിട്ടുപോകാനും റഷ്യന്‍ സൈനികരോട് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ഇതുവരെ ഏഴ് കുട്ടികളടക്കം 102 സാധാരണക്കാര്‍ റഷ്യന്‍ ആക്രമണത്തില്‍ മരിച്ചതായാണ് യുഎന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോളണ്ടിലേക്കാണ് കൂടുതല്‍ പേരും അഭയാര്‍ത്ഥികളായി പോകുന്നത്. മറ്റുള്ളവര്‍ ഹംഗറി, റുമാനിയ, മോള്‍ഡോവ, സ്ലോവാക്യ എന്നീ രാജ്യങ്ങളിലേക്കും.