ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. യുക്രൈൻ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർകകാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. യുക്രൈനിൽ 15,000 വിദ്യാർഥികൾ കുടുങ്ങാൻ കാരണം ശരിയായ സമയത്ത് തീരുമാനം എടുക്കാത്തതാണെന്ന് അദ്ദേഹം ആരോപിച്ചു.
യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ സുരക്ഷിതമായി തിരികെ എത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാത്തതിനാൽ 15,000 ത്തിലധികം വിദ്യാർഥികൾ ഇപ്പോഴും യുദ്ധക്കളത്തിൽ കുടുങ്ങിക്കിടക്കുന്നു. നയതന്ത്രപരമായ നടപടികൾ സ്വീകരിച്ച് അവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുത്- വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

