ന്യൂഡൽഹി: രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് നിരോധനമില്ലെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. ഭരണഘടനാപരമായ അവകാശങ്ങളും കടമകളും പ്രധാനമാണെന്ന് ജനങ്ങൾ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബുമായി ബന്ധപ്പെട്ട് കർണാടകയിൽ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിൽ രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് യാതൊരു നിരോധനവും ഏർപ്പെടുത്തിയിട്ടില്ല. പക്ഷേ ചില സ്ഥാപനങ്ങളിൽ അവരുടേതായ വസ്ത്രധാരണ രീതികളും യുണിഫോമും ഉണ്ടാകും.
ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളെക്കുറിച്ച് ചർച്ച നടത്തുന്നതോടൊപ്പം മൗലിക കടമകളെക്കുറിച്ചും ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിജാബുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

