രക്ഷാദൗത്യത്തില്‍ നാല് കേന്ദ്രമന്ത്രിമാര്‍ നേരിട്ടിറങ്ങാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ്പുരിയും കിരണ്‍ റിജ്ജുവും രക്ഷാദൗത്യത്തിന് നേരിട്ടിറങ്ങും. ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ് എന്നിവരടക്കം യുക്രൈന്റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും തീരുമാനമായി.

അതേസമയം, റൊമേനിയയില്‍ നിന്ന് അഞ്ചാമത്തെ വിമാനം 249 ഇന്ത്യക്കാരെയും കൊണ്ട് ഇന്ന് ഡല്‍ഹിയില്‍ എത്തി. ഇതില്‍ 12 പേര്‍ മലയാളികളാണ്. വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മലയാളികള്‍ കേരളത്തിലെത്തും. ആറ് പേരാണ് വൈകിട്ട് 5.20 ന് കൊച്ചിയിലെത്തുന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ കേരളത്തിലേക്ക് എത്തുക. തിരുവനന്തപുരത്തേക്ക് അഞ്ച് പേരും കോഴിക്കോടേക്കും ഒരാളുമാണുള്ളത്. തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം രാത്രി 8.30 ന് എത്തും. 7.30 ന് എത്തുന്ന ഇന്‍ഡിഗോ വിമാനത്തിലാകും കോഴിക്കോട് സ്വദേശിയെത്തുക. ഇതോടെ യുക്രൈനില്‍ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരില്‍ 93 പേര്‍ മലയാളികളാണ്.

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എന്തൊക്കെ കാര്യം ചെയ്യണമെന്നും വിവിധ മുഖ്യമന്ത്രിമാര്‍ നല്‍കിയ കത്തുകളും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ലോക രാജ്യങ്ങളുടെ സഹകരണം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചര്‍ച്ച ചെയ്തു. കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി.