‘മന്ത്രിസഭയിലേക്കില്ല, പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല’: കോടിയേരി

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കൂടുതല്‍ കക്ഷികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനല്ല മറിച്ച് സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാമുഖ്യം കൊടുക്കുന്നതെന്ന് പി ജെ ജോസഫിന്റെ പ്രവേശന സാധ്യത തള്ളിക്കൊണ്ട് കോടിയേരി പറഞ്ഞു. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ലെന്നും നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായ പരിധി കര്‍ശനമാക്കുമെന്നും, 75 കഴിഞ്ഞവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്തം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും കോടിയേരി ഉറപ്പു നല്‍കി. യുക്രൈന്‍ റഷ്യ സംഘര്‍ഷത്തില്‍ സിപിഎമ്മിന്റേത് കൃത്യമായ നിലപാടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിബി പുറത്തിറക്കിയ പ്രസ്താവന

യുക്രൈന് എതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണ്. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം യുക്രൈനെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്ക് അയക്കാനുള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുന്നു. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. യുക്രൈനിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.