യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനമായ ആര്‍ടിയെയും മറ്റ് ചാനലുകളെയും പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് ഗൂഗിള്‍ വിലക്കേര്‍പ്പെടുത്തി. ഗൂഗിള്‍ ടൂളുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാനും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ല.
അസാധാരണമായ സാഹചര്യങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്റെ ഈ പുതിയ നടപടി. യുറോപ്യന്‍ യൂണിയന് ഉള്‍പ്പെടെ ഉപരോധമേര്‍പ്പെടുത്തിയ വിവിധ റഷ്യന്‍ ചാനലുകളെയും വിലക്കിയെന്ന് യൂട്യൂബ് വ്യക്തമാക്കി. സര്‍ക്കാരിന്റെ കീഴിലുള്ള മാധ്യമസ്ഥാപനങ്ങളെയും അവരുടെ വെബ്സൈറ്റുകളില്‍ നിന്നും ആ്പ്പുകളില്‍ നിന്നും വരുമാനമുണ്ടാക്കുന്നതും ഗൂഗിള്‍ വിലക്കിയിട്ടുണ്ട്.
2018 ഡിസംബര്‍ വരെ രണ്ട് വര്‍ഷം കൊണ്ട് 26ഓളം യൂട്യൂബ് ചാനലുകളില്‍ നിന്ന് 70 ലക്ഷം മുതല്‍ 3.2 കോടി ഡോളര്‍ വരെ വരുമാനമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് മന്ത്രി മിഖൈലോ ഫെഡൊറോവ് ട്വിറ്റര്‍, ഗൂഗിള്‍, ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളോട് റഷ്യക്കുള്ള സേവനങ്ങളും ഉല്‍പ്പന്നങ്ങളും വിലക്കണമെന്ന് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.

