അതിര്‍ത്തിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയുമായി യുക്രൈന്‍ സൈന്യം

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധമുഖത്ത് നിന്നും പോളണ്ട് അതിര്‍ത്തി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിളോട് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിര്‍ത്തിയില്‍ യുക്രൈന്‍ സൈന്യം തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും ഭീഷണിപ്പെടുത്തുകയാണ്. ഓപ്പറേഷന്‍ ഗംഗ എന്ന് പേരിലാണ് ഇന്ത്യ പൗരന്മാരെ യുക്രൈനില്‍ നിന്നും ഒഴിപ്പിക്കുന്നത്. കൂട്ടം കൂടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് സൈന്യം വാഹനം കയറ്റാന്‍ ശ്രമിച്ച് തടയുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടിട്ടുണ്ട്.

സൈന്യത്തിന്റെ മര്‍ദ്ദനത്തില്‍ പെണ്‍കുട്ടികള്‍ക്കും പരിക്കേറ്റു. ഒരു വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞു. പലായനം ചെയ്യുന്ന യുക്രൈന്‍ പൗരന്മാരെ സൈന്യം കടത്തിവിടുന്നുണ്ടെന്നും മറ്റ് രാജ്യക്കാരെയാണ് തടയുന്നതെന്നും അതിര്‍ത്തിയിലുള്ള വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് ഒരു പരിഗണനയും യുക്രൈന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിന് പിന്നില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ റഷ്യയെ പരോക്ഷമായി പിന്തുണച്ചതിനാലാണെന്നാണ് സൂചന.

പെണ്‍കുട്ടികളെയും കുട്ടികളെയും മാത്രമാണ് സൈന്യം അതിര്‍ത്തി കടത്തുന്നതെന്നും ആണ്‍കുട്ടികളെ തടഞ്ഞുവെക്കുന്ന സ്ഥിതയാണെന്നും വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു. സൈനിക സേവനത്തിന് വേണ്ടിയാണ് ഇത്. അതേസമയം, യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യന്‍ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് സെലന്‍സ്‌കിയുടെ ആവശ്യം. റഷ്യന്‍ സൈനികരുടെ മൃതദേഹം തിരികെ നല്‍കാന്‍ വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.