വാഗമണ്‍: കേരളത്തിലെ ആദ്യത്തെ കാരവാന് പാര്‍ക്ക് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്തു. ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 353 കാരവാനുകളും 120 കാരവാന് പാര്‍ക്കും ഉടന്‍ സജ്ജമാകുമെന്ന് മന്ത്രി അറിയിച്ചു. സിട്രിന് ഹോസ്പിറ്റാലിറ്റി വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ വാഗമണിലെ അഥ്രക് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടാണ് കാരവാന് മെഡോസ് എന്ന പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ രണ്ട് കാരവാനുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭാവിയില്‍ എട്ട് കാരവാനുകള്‍ വരെ ഇവിടെ ഉള്‍ക്കൊള്ളാനാകും. ബെന്‍സിന്റെ നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാരവാനും ഇവിടെയുണ്ട്. സഞ്ചാരികള്‍ക്ക് കാരവാനില്‍ ചുറ്റിനടന്ന് സമീപപ്രദേശങ്ങള്‍ ആസ്വദിക്കാനും പുതിയ വിനോദ സഞ്ചാര രീതി അനുഭവിച്ചറിയാനും സാധിക്കും. നാല് സോഫ, ടിവി, മെക്രോവേവ് അവന്, ഇന്‍ഡക്ഷന്‍ അടുപ്പ്, കബോര്‍ഡുകള്‍, ജനറേറ്റര്‍ സംവിധാനം, ഫ്രിഡ്ജ്, ഹീറ്റര്‍ സംവിധാനത്തോടു കൂടിയ കുളിമുറി, കിടക്കാനുള്ള ബെര്‍ത്തുകള്‍ എന്നിവ ഈ കാരവാനിലുണ്ടാകും. ഗ്രില്ലിംഗ് സംവിധാനത്തോടെയുള്ള റസ്റ്റോറന്റ് സംവിധാനം, സ്വകാര്യ വിശ്രമ കേന്ദ്രം, ഹൗസ്കീ പിംഗ് സംവിധാനം, 24 മണിക്കൂറും ലഭിക്കുന്ന വ്യക്തിഗത സേവനം, ക്യാമ്പ് ഫയര്‍, എന്നിവയും പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പുതിയ കാരവാന് നയമനുസരിച്ച് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാരവാനുകള്‍ സ്വന്തമാക്കാനാകും. നിരവധി ഇളവുകള്‍ കാരവാന് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

