കീവ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും തമ്മിൽ ഫോൺ സംഭാഷണം നടത്തിയത്. യുക്രൈനിലെ സ്ഥിതിഗതികളെ കുറിച്ച് അദ്ദേഹം നരേന്ദ്ര മോദിയോട് വിശദീകരിച്ച് നൽകി. അതേസമയം, യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ രാഷ്ട്രീയ പിന്തുണ വേണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
ഒന്നിച്ചു നിന്ന് യുദ്ധം അവസാനിപ്പിക്കണമെന്ന് സെലൻസ്കി ട്വിറ്ററിൽ കുറിച്ചു. മോദിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ അപലപിച്ച് യുഎൻ രക്ഷാ സമിതിയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.
യുഎസും അൽബേനിയയും ചേർന്നവതരിപ്പിച്ച പ്രമേയത്തെ 15 അംഗ സമിതിയിലുള്ള 11 രാജ്യങ്ങളും പിന്തുണച്ചു. ചൈനയും യുഎഇയും ഇന്ത്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റഷ്യ പ്രമേയം വീറ്റോ ചെയ്തു.

