തിരുവനന്തപുരം: സിനിമകളുടെ റിലീസ് സമയത്തുള്ള ഫാൻസ് ഷോകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സിനിമാ വ്യവസായത്തിന് ഇത് ഒരു ഗുണവും ചെയ്യുന്നില്ലെന്നാണ് ഫിയോക്ക് പറയുന്നത്. വർഗീയ വാദം, തൊഴുത്തിൽ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാൻസ് ഷോകൾ കൊണ്ട് നടക്കുന്നതെന്നും അതിനാൽ ഇത് നിരോധിക്കണമെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ അറിയിച്ചു.
ആളുകൾ തീയറ്ററുകളിലേയ്ക്ക് എത്താത്തതിന്റെ പ്രധാന കാരണം ഇത്തരം ഫാൻസ് ഷോയ്ക്ക് ശേഷം നൽകുന്ന മോശം പ്രതികരണമാണ്. അതിനാൽ തന്നെ ഇത് നിരോധിക്കണമെന്നും മാർച്ച് 29ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം വിഷയത്തിൽ അന്തിമ തീരുമാനമാകുമെന്നും വിജയകുമാർ പറഞ്ഞു. ഫാൻസ് ഷോ തടയുന്നതിലൂടെ സിനിമകൾക്കുണ്ടാകുന്ന ഡീഗ്രേഡിങ് ഒരു പരിധി വരെ തടയാൻ കഴിയുമെന്നാണ് ഫിയോക്ക് വിലയിരുത്തുന്നത്. സിനിമയിലെ പ്രധാന രംഗങ്ങളും സമൂഹ മാദ്ധ്യമങ്ങളിലൂടെ ലീക്ക് ചെയ്യുന്നതും തടയാനാകുമെന്നും അദ്ദേഹം വിശദമാക്കി.

