എൻഎസ്ഇ കേസ്; ഹിമാലയൻ സന്യാസിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി സിബിഐ

ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സേഞ്ച് ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച അറസ്റ്റിലായ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി സിബിഐ. ആനന്ദ് സുബ്രഹ്മണ്യനാണ് കേസിലെ ഹിമാലയൻ സന്യാസിയെന്ന് സിബിഐ അറിയിച്ചു.

ഹിമാലയത്തിലെ ഒരു ‘സന്യാസി’യുടെ താത്പര്യപ്രകാരമാണ് എൻഎസ്ഇ മുൻ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണൻ ക്രമക്കേട് നടത്തിയതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. ആനന്ദ് സുബ്രഹ്മണ്യനാണ് ചിത്രയുമായി ഇ-മെയിൽ വഴി ആശയവിനിമയം നടത്തിയ സന്യാസിയെന്ന് സിബിഐ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

അതേസമയം, ചോദ്യം ചെയ്യലുമായി ആനന്ദ് സഹകരിച്ചില്ലെന്നും ഒഴിഞ്ഞുമാറുന്ന മറുപടിയാണ് നൽകിയതെന്നും സിബിഐ വ്യക്തമാക്കി. എൻഎസ്ഇയെ സംബന്ധിച്ച് ചിത്ര നിർണായക വിവരങ്ങൾ ഹിമാലയൻ സന്യാസിക്ക് കൈമാറിയെന്ന് നേരത്തെ സെബി കണ്ടെത്തിയിരുന്നു. എൻഎസ്ഇയുടെ സാമ്പത്തിക രൂപരേഖ, ലാഭവിഹിത സാധ്യത, പ്രവർത്തന ഫലം ഉൾപ്പടെയുള്ള കമ്പനിയുടെ രഹസ്യ തീരുമാനങ്ങൾ തുടങ്ങിയവ സന്യാസിക്ക് കൈമാറിയതായും ജീവനക്കാരുടെ തൊഴിൽ പ്രകടനത്തെക്കുറിച്ച് ചർച്ച ചെയ്തതായും സെബിയുടെ കുറ്റപത്രത്തിൽ പറയുന്നു.