ഗ്രൂപ്പ് യോഗം; പരിശോധിക്കാൻ ആളെ വിട്ടെന്നുമുള്ള വാർത്തകൾ നിഷേധിച്ച് കെ സുധാകരൻ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയിൽ ഗ്രൂപ്പ് യോഗം ചേർന്നെന്നും അത് പരിശോധിക്കാൻ ആളെ വിട്ടെന്നുമുള്ള വാർത്തകൾ നിഷേധിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. അത്തരത്തിൽ ഒരു ഗ്രൂപ്പ് യോഗവും വിഡി സതീശന്റെ ഔദ്യോഗിക വസതിയിൽ നടന്നിട്ടില്ലെന്നും പരിശോധന നടത്താൻ താൻ ആളെ വിട്ടിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരിശോധന നടത്താൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തികച്ചും അടിസ്ഥാന രഹിതമായ വാർത്തയാണിത്. പുനഃസംഘടന നടക്കുന്നതിനാൽ പലനേതാക്കളും വന്ന് കാണാറുണ്ട്. പ്രതിപക്ഷ നേതാവിനെ കാണാൻ പോയവർ തന്നെയും കണ്ടിരുന്നു. അത് എങ്ങനെ ഗ്രൂപ്പുയോഗമാകുമെന്ന് അദ്ദേഹം ചോദിച്ചു.

ഇത്തരം ഒരു വിവാദം ഉണ്ടായപ്പോൾ വിഡി സതീശൻ തന്നെ വിളിക്കുകയും തങ്ങൾ പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്തതിട്ടുണ്ട്. പാർട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു തരത്തിലുമുള്ള പ്രവർത്തനവും ഭൂഷണമല്ല. ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അതിന് മുതിരുമെന്ന് ഒരിക്കലും കരുതുന്നില്ല. ആഭ്യന്തര ജനാധിപത്യം പൂർണ്ണമായും ഉറപ്പുനൽകുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ആക്ഷേപം ഉണ്ടെങ്കിൽ അത് നേതൃത്വത്തെ ധരിപ്പിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. തികഞ്ഞ ഐക്യത്തോടെയാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നതെന്നും അതിൽ വിള്ളലുണ്ടാക്കാൻ ആരുശ്രമിച്ചാലും അത് വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.