നാഗ്പുർ: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് പിന്തുണ നൽകാതെ ആർഎസ്എസ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നിർദേശത്തിൽ തങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിന് വിട്ടുകൊടുക്കണമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് ആർ.എസ്.എസിന്റെ നിലപാട്.
വിവാഹപ്രായം സംബന്ധിച്ച വിഷയം ചർച്ചയിലാണെന്നും പല അഭിപ്രായങ്ങളും ഉയരുന്നുണ്ടെന്നും ആർഎസ്എസിലെ ഒരു മുതിർന്ന നേതാവ് അറിയിച്ചു. ആദിവാസികൾക്കിടലും ഗ്രാമപ്രദേശങ്ങളിലും വിവാഹങ്ങൾ നേരത്തെ നടക്കുന്നു. ഇത് വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നുവെന്നും ഗർഭധാരണം നേരത്തെയാക്കുമെന്നുമാണ് ഗവൺമെന്റിന്റെ വാദം. ഇത്തരം കാര്യങ്ങളിൽ സർക്കാർ എത്രമാത്രം ഇടപെടണം എന്നതാണ് ചോദ്യമെന്നും ചില കാര്യങ്ങൾ സമൂഹത്തിന് വിട്ടുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഹിജാബ് വിഷയത്തിലും ആർഎസ്എസ് പ്രതികരണം നടത്തി. ഹിജാബ് വിവാദം പ്രാദേശിക തലത്തിൽ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നാണ് ആർഎസ്എസിന്റെ നിലപാട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അതിന്റെ സ്വാധീന മേഖല വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതായി കാണുമ്പോൾ, പ്രാദേശിക തലത്തിൽ വിഷയം കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് വിഷയത്തിൽ ഇടപെടാത്തതെന്നും ആർഎസ്എസ് പറയുന്നു.

