ഹിജാബ് നിരോധനം വിദ്യാര്‍ഥികള്‍ക്ക് മാത്രം; വ്യക്തത വരുത്തി കര്‍ണ്ണാടക ഹൈക്കോടതി

ബംഗളൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ബാധകമാവുക വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണൈന്ന് വ്യക്തമാക്കി കര്‍ണ്ണാടക ഹൈക്കോടതി. സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും മതപരമായ വസ്ത്രങ്ങള്‍ക്ക് കര്‍ണ്ണാടക ഹൈക്കോടതി നേരത്തെ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

കര്‍ണ്ണാടകയില്‍ ഹിജാബ് വിവാദം ശക്തമായതോടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും മതവസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതില്‍ ചില വിദ്യാലയങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അധ്യാപകരെയും ഗേറ്റില്‍ തടഞ്ഞു നിര്‍ത്തുന്നതായി ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചതോടെയാണ് ഇടക്കാല ഉത്തരവ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി വ്യക്തമാക്കിയത്.

അതേസമയം, ഫെബ്രുവരി 10ലെ ഉത്തരവ് യൂണിഫോം നിശ്ചയിച്ചിട്ടുള്ള ഡിഗ്രി കോളേജുകള്‍ക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകള്‍ക്കും ബാധകമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹിജാബ് ധരിക്കുന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും ഇസ്ലാമിന്റെ അനിവാര്യമായ ആചാരമാണെന്നും മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് നവദ്ഗി ഹൈക്കോടതിയെ അറിയിച്ചു.