ന്യൂഡൽഹി: യുക്രൈൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ചേരുന്നില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുടെ സഹായവും ഇന്ത്യ അഭ്യർത്ഥിച്ചു. വിദേശകാര്യമന്ത്രാലയവും വ്യോമയാനമന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികൾ വിശദമാക്കി നൽകി. റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസഡർ ഇഗോർ പോളികോവ് ആവശ്യപ്പെട്ടത്.
യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

