ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ ആവശ്യം സുപ്രീം കോടതി തള്ളി.പരീക്ഷ ഓഫ്‌ലൈനായി തന്നെ നടത്തണമെന്ന് കോടതി അറിയിച്ചു. ഹർജി തെറ്റായ സന്ദേശം നൽകുമെന്ന് ജസ്റ്റിസ് പറഞ്ഞു.കോവിഡ് രൂക്ഷമായതിനാലാണ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷവും കോടതി ഇടപെട്ടത്.
ഓഫ്ലൈൻ പരീക്ഷകൾക്ക് എതിരായ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് 10, 12 ക്ലാസുകളിലേക്ക് ഓഫ്‌ലൈൻ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ എല്ലാ സിലബസും പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിയോട് വ്യക്തമാക്കും. സംസ്ഥാനത്ത് നവംബർ മുതൽ കേരളത്തിൽ ഓഫ്ലൈൻ ക്ലാസ്സുകൾ ആരംഭിച്ചിരുന്നുവെന്നും അതിനാൽ ഫെബ്രുവരി അവസാനത്തോടെ സിലബസ് പ്രകാരമുള്ള എല്ലാ പാഠങ്ങളും പൂർത്തികരിക്കാനാകുമെന്നും സർക്കാർ പറയുന്നു.
പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഏതാണ്ട് ഒരു മാസത്തെ സമയം വിദ്യാർത്ഥികൾക്ക് അനുവദിക്കും. മാർച്ച് 31-ന് പത്താം ക്ലാസ് പരീക്ഷ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏപ്രിൽ 29 വരെ പരീക്ഷ നീണ്ടു നിൽക്കും. മാർച്ച് 30-നാണ് പ്ലസ് ടു പരീക്ഷ ആരംഭിക്കുന്നത്. ഏപ്രിൽ 22 നാണ് പ്ലസ് 2 പരീക്ഷ അവസാനിക്കുക.
വിദ്യാർത്ഥികളുടെ സൗകര്യംകൂടി കണക്കിലെടുത്താണ് പരീക്ഷ ടൈം ടേബിൾ തയ്യാറാക്കിയതെന്നും സംസ്ഥാനം കോടതിയെ അറിയിക്കും. 10, 12 ക്ലാസ്സുകളിലേക്ക് സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോർഡുകൾ എന്നിവ നടത്തുന്ന ഓഫ്ലൈൻ പരീക്ഷകൾക്ക് എതിരായ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ പരീക്ഷ ഓഫ്ലൈനായി നടത്താൻ സജ്ജമാണെന്ന് കോടതിയെ അറിയിക്കാൻ തീരുമാനിച്ചത്.

