കൊച്ചി: കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം ശരിവെച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചും ഈ നിയമനത്തിന് അംഗീകാരം നൽകിയിരുന്നു.
ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. കണ്ണൂർ വിസി പുനർനിയമന ഉത്തരവ് ചോദ്യം ചെയ്യണമെങ്കിൽ ഇനി സുപ്രീം കോടതിയെ സമീപിക്കണം. ഡോ. ഗോപിനാഥ് രവീന്ദ്രന്റേത് നിയമപരമായി സാധുതയുള്ള നിയമനമാണെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ.
ആദ്യ നിയമനവും പുനർ നിയമനവും സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട നിയമപ്രശ്‌നമാക്കി കോടതി പരിഗണിച്ചത്. ആദ്യ നിയമനത്തിലാണ് പ്രായ പരിധി അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടത്. സെർച്ച് കമ്മിറ്റി അടക്കമുള്ള കാര്യങ്ങൾ വേണ്ടതും ആദ്യ നിയമനത്തിലാണ്. എന്നാൽ പുനർ നിയമനത്തിലും ഇതേ മാനദണ്ഡങ്ങൾ പിന്തുടരണമെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളുകയും ചെയ്തു.

