മഞ്ഞപ്പടക്ക് ഇന്ന് നിര്‍ണായകം; സെമി ഫൈനല്‍ ലക്ഷ്യവുമായി ഹൈദരാബാദും

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ആദ്യ നാലില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദാണ് കൊമ്പന്മാരുടെ എതിരാളികള്‍. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി. 17 കളിയില്‍ 32 പോയിന്റുമായാണ് ഹൈദരാബാദ് ഒന്നാം സ്ഥാനം സ്ഥാനത്ത് തുടരുന്നത്. 16 കളിയില്‍ 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

സസ്പെന്‍ഷനിലായ ഡിയാസും സന്ദീപും പരിക്കേറ്റ നിഷുകുമാറും കളിക്കില്ല. സ്ട്രൈക്കര്‍ ഹോര്‍ജെ പെരേര ഡിയാസിന്റെ അഭാവം ടീമിനെ ബാധിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാളിതാരം കെ പി രാഹുല്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. അഡ്രിയന്‍ ലൂണ, അല്‍വാരോ വാസ്‌ക്വേസ് ജോഡിയിലാണ് പ്രതീക്ഷ. ബാര്‍ത്തലോമിയോ ഒഗ്ബചേയെ പിടിച്ചു കെട്ടുകയാവും ഏറ്റവും വലിയ വെല്ലുവിളി. ബ്ലാസ്റ്റേഴ്സിന്റെ മുന്‍നായകന്‍ കൂടിയായ ഒഗ്ബചേ ഇതുവരെ പതിനാറ് ഗോള്‍ നേടിക്കഴിഞ്ഞു.

ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം ഹൈദരാബാദാണ്. 39 തവണയാണ് ഹൈദരാബാദ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. വഴങ്ങിയത് പതിനെട്ട് ഗോളും. ബ്ലാസ്റ്റേഴ്സ് 23 ഗോള്‍ നേടിയപ്പോള്‍ 17 ഗോള്‍ വഴങ്ങി. ശക്തരായ എതിരാളികളാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്.