‘അനാവശ്യ ഇടപെടലുകള്‍ വേണ്ട; ഒരു ചുക്കും ചെയ്യാനാവില്ല’; ഗവര്‍ണര്‍ക്കെതിരെ കെ. മുരളീധരന്‍ എംപി

തിരുവനന്തപുരം: ആവശ്യമുള്ളതിലും ഇല്ലാത്തതിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടുകയാണെന്ന വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി രംഗത്ത്. നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാം, പക്ഷേ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം ആരെയൊക്കെ മാതൃകയാക്കണം എന്ന് പറയാന്‍ ഗവര്‍ണറെ ആരാണ് ചുമതലപ്പെടുത്തിയതെന്നും മുരളീധരന്‍ ചോദിച്ചു. ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണറുടെ അനാവശ്യ നിര്‍ദേശങ്ങള്‍ തള്ളിക്കളയാനുള്ള ഗഡ്‌സ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വേണം. ഗവര്‍ണര്‍ സ്വയം താഴുകയാണ്. പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതില്‍ യുഡിഎഫ് എതിരല്ല. ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. വെറും കടലാസ് പുലിയായ ഗവര്‍ണറെ ഭയക്കേണ്ടതില്ലെന്നും മരളീധരന്‍ ആഞ്ഞടിച്ചു.

അതേസമയം, പെന്‍ഷന്‍ വിഷയത്തില്‍ ഭേദഗതി കൊണ്ടുവരുന്നുവെങ്കില്‍ അത് നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുമായി ആലോചിച്ച് നടപ്പിലാക്കാം. അല്ലാതെ ഗവര്‍ണറുടെ നിര്‍ദേശങ്ങളെ ഭയന്നിട്ടാകരുതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.