ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം. ജേക്കബ് അടക്കം 1000 പേര്‍ക്കെതിരെ കേസ്‌

കൊച്ചി: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് അടക്കം 1000 പേര്‍ക്കെതിരെ കേസെടുത്തു. നിയമവിരുദ്ധമായി ചടങ്ങ് സംഘടിപ്പിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

ദീപുവിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് ശനിയാഴ്ച ദീപുവിന്റെ വീട്ടുപരിസരത്തെത്തിയത്. ഫെബ്രുവരി 12-നാണ് സി.പി.എമ്മിന്റെ നാലു പ്രവര്‍ത്തകര്‍ ദീപുവിനെ ആക്രമിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.

അതേസമയം, തലയോട്ടിയിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്ഷതമേറ്റതിനെത്തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. അതേസമയം, ദീപുവിന് കരള്‍ രോഗമുള്ളതായും റിപ്പോര്‍ട്ടിലുണ്ട്.