പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു; പ്രതീക്ഷയില്‍ പാര്‍ട്ടികള്‍

ചണ്ഡിഖഡ്: പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുദ്വാരയില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി പ്രാര്‍ത്ഥന നടത്തി. എല്ലാ പരിശ്രമങ്ങളും നടത്തിയെന്നും ഇനി ജനങ്ങളുടെ കൈയിലാണെന്നും ചന്നി പ്രതികരിച്ചു. മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ ബദൗറില്‍ വോട്ടിനായി ഗ്രാമീണര്‍ക്ക് കോണ്‍ഗ്രസ് പണം വിതരണം ചെയ്തതായി കാണിച്ച് എഎപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അതേസമയം, ഹരിയാനയിലെ സോനിപ്പത്തില്‍ നിന്ന് മൂന്ന് ഖലിസ്ഥാനി ഭീകരരെ പിടിച്ച പശ്ചാത്തലത്തില്‍ പഞ്ചാബില്‍ തിരഞ്ഞെടുപ്പിന് കര്‍ശന സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രിയായ ചരണ്‍ജിത് സിങ് ചന്നിയെ മുന്നില്‍ നിര്‍ത്തി ഭരണത്തുടര്‍ച്ചക്കാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍, ഭരണവിരുദ്ധ വികാരം അനുകൂലമാക്കി ഒരു അട്ടിമറിയാണ് ആംആദ്മിയുടെ പ്രതീക്ഷ. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക മാത്രമല്ല അഭിമാന പോരാട്ടത്തില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് ജയം അനിവാര്യവുമാണ്. അതേസമയം, തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ഉയര്‍ന്ന ഭയ്യാ വിവാദം കോണ്‍ഗ്രസിനും ഖാലിസ്ഥാന്‍ ആരോപണം എ എ പിക്കും തലവേദനയായി മാറിയിട്ടുണ്ട്.

അതിനിടെ മാനസ മണ്ഡലത്തില്‍ പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷവും പൊതുയോഗം സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിക്കെതിരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഗായകനുമായ സിദ്ദു മൂസെവാലക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. പരസ്യപ്രചാരണത്തിന് പിന്നാലെ ഗുരുദാസ്പൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന അകാലിദള്‍ പ്രവര്‍ത്തകന്‍ കരംജിത് സിങ് മരിച്ചു. കനത്ത ജാഗ്രതയിലാണ് പഞ്ചാബ് പോലീസ്.