വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചു; സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ച എച്ച്ആർഡിഎസിനെതിരെ കേസ്

പാലക്കാട്: സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന് ജോലി ലഭിച്ച സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസിനെതിരെ കേസ്. സംസ്ഥാന പട്ടികജാതി- പട്ടികവർഗ കമ്മീഷനാണ് എച്ച്ആർഡിഎസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയെ കുറിച്ചും കമ്മീഷൻ അന്വേഷണം നടത്തും. എച്ച്ആർഡിഎസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ് പി തുടങ്ങിയവർ റിപ്പോർട്ട് സമർപ്പിക്കണമെന്നും പട്ടിക ജാതി പട്ടിക വർഗ കമ്മീഷൻ നിർദ്ദേശിച്ചു.

ആദിവാസി മേഖലയിൽ വിടുകൾ വച്ചു നൽകി അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയാണ് എച്ച്ആർഡിഎസ്. കോർപറേറ്റ് സോഷ്യൽ റെസ്പോൻസിബിലിറ്റി മാനേജർ എന്ന പദവിയാണ് സ്ഥാപനത്തിൽ സ്വപ്നയ്ക്ക് ലഭിച്ചത്. വീടുകളുടെ നിർമ്മാണത്തിനായി പുറം രാജ്യങ്ങളിൽ നിന്ന് പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമാണ് സ്വപ്നയ്ക്കുള്ളത്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇവർക്ക് കൂടുതലായും പണമെത്തുന്നത്.