വ്യവസായികളോട് ശത്രുതാപരമായി പെരുമാറരുത്; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായികളോട് ശത്രുതാപരമായി പെരുമാറരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് ശിഷ്ടകാലം ജയിലിൽ കിടക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപന ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ്. എന്നാൽ നിക്ഷേപത്തിന് വലിയ തുക വരുമ്പോൾ അതിന്റെ ഒരു ഭാഗം തനിക്കുവേണം എന്ന് പറയാൻ മടികാണിക്കാത്ത ചിലർ സംസ്ഥാനത്തുണ്ട്. അത്തരക്കാർക്ക് അധികകാലം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നും അതിനാണല്ലോ ജയിലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

സംസ്ഥാനത്ത് ഒരു പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ വലിയ പദ്ധതി വരുമ്പോൾ ആകെ നിക്ഷേപത്തിന്റെ ഒരു ഭാഗം കണക്കാക്കി തങ്ങളുടെ കീശയിലാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനമാണ് ഇന്ന് നടന്നത്.