ഗാന്ധിനഗർ: അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരിൽ 38 പേർക്ക് വധശിക്ഷ. കേസിലെ മറ്റ് 11 പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷയും കോടതി വിധിച്ചു. ഗുജറാത്തിലെ പ്രത്യേക കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു കേസിൽ ഇത്രയധികം പേർക്ക് വധശിക്ഷ ലഭിക്കുന്നത്.
2008 ജൂലായ് 26 ന് അഹമ്മദാബാദിലെ വിവിധ സ്ഥലങ്ങളിലുണ്ടായ സ്ഫോടന പരമ്പര കേസിൽ 56 പേരാണ് കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ ആരംഭിച്ചത് 2009 ഡിസംബറിലാണ്. ആകെ 77 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. 2021 സെപ്റ്റംബറിൽ കേസിൽ വിചാരണ പൂർത്തിയാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസിൽ 28 പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.
ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീനാണ് സ്ഫോടനത്തിന് പിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2002-ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 85 പേരെയാണ് ഗുജറാത്ത് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, യു.എ.പി.എ. നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നു.

