തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് തിരിച്ചടി. കെ.എസ്.ആർ.ടി.സിയ്ക്കുള്ള ഡീസൽ വില ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കുത്തനെ ഉയർത്തി. ലിറ്ററിന് 6.73 രൂപയുടെ വർധനവാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് വില വർധിപ്പിച്ചത്. ഒരു ലിറ്റർ ഡീസൽ 98.15 രൂപയ്ക്കാണ് ഇനി കെ.എസ്.ആർ.ടി.സിയ്ക്ക് ലഭിക്കുക. സ്വകാര്യ പമ്പുകൾക്ക് ഇത് 91.42 രൂപയ്ക്കായിരിക്കും ലഭ്യമാകുക. അമ്പതിനായിരത്തിൽ കൂടുതൽ ലിറ്റർ ഇന്ധനം ഉപയോഗിക്കുന്നവർക്കാണ് കേന്ദ്ര സർക്കാർ ഈ വിലവർധനവ് ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ വിലവർധനവ് പ്രകാരം ദിവസം 37 ലക്ഷത്തോളം രൂപയുടെ അധിക ബാധ്യത കെ.എസ്.ആർ.സിക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ വിലവർധനവ് വരുന്നതോടെ ഒരു മാസം 11 കോടി 10 ലക്ഷം രൂപ ഇന്ധനം വാങ്ങാൻ വേണ്ടി മാത്രം കെ.എസ്.ആർ.ടി.സി അധികമായി ചിലവാക്കേണ്ടി വരും.
നിലവിൽ വലി സാമ്പത്തിക പ്രതിസന്ധിയുള്ള കെഎസ്ആർടിസിയ്ക്ക് വില വർധനവ് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.

