തിരുവനന്തപുരം: ഗവർണറെ നിരന്തരമായി വേട്ടയാടുന്നത് സംസ്ഥാന സർക്കാരും സിപിഎമ്മും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാർ നടത്തുന്ന അവഹേളനങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ മടിച്ചതിന് കാരണം. സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാൽ ഗവർണറെ ആക്ഷേപിച്ച് കത്തയച്ചത് മുഖ്യമന്ത്രി പറഞ്ഞിട്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നാണംകെട്ട രീതിയിൽ രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നത് ഇനിയെങ്കിലും സർക്കാർ അവസാനിപ്പിക്കണം. മന്ത്രിമാരുടെ സ്റ്റാഫിലേക്ക് രണ്ട് വർഷത്തേക്ക് മാറി മാറി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ അവർക്ക് പെൻഷൻ വാങ്ങി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. പൊതു ഖജനാവ് കൊള്ളയടിക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത്. പ്രതിപക്ഷം ഇതിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം വിദേശകാര്യമന്ത്രി വി മുരളീധരനും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്ഭവൻ ഭരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

